TGF India
Donate A Toy!
Updated: Jun 13, 2020
ഓഫീസിൽ ലാപ്‌ടോപ്പിനു മുന്നിൽ ഉറക്കം തൂങ്ങിയിരിക്കുന്നതിനിടിയിലെപ്പഴോ പതിവില്ലാത്തൊരു കാഴ്ച്ച എന്നെ ഹഠാദാകർഷിച്ചു.ഒരു കാർഡ്ബോർഡ് പെട്ടി നിറയെ കളിപ്പാട്ടങ്ങൾ നിറച്ചു വച്ചിരിക്കുന്നു.മനസ്സിൽ ഒന്നോ രണ്ടോ ലഡ്ഡു പൊട്ടി ,എന്റെ ഇരുപത്തിയാറ് വയസ് ഇങ്ങനെ കുറഞ്ഞ് കുറഞ്ഞ് കുട്ടിത്തം പുറത്തു ചാടി , മുഖത്ത് ചിരി പടർന്നു,സ്ഥലകാല ബോധം മറന്ന് കളിപ്പാട്ട പെട്ടിയിൽ കൈയിട്ടു വിരകി കൈയിൽ കിട്ടിയ ട്രെയിൻ എടുത്ത് ഞാൻ ഓഫീസിലെ തറയിൽ ഓടിച്ചു."പോയിരുന്ന് പണിയെടുക്ക് ചെക്കാ,ഇത് നിനക്ക് കളിക്കാനുള്ളതല്ല പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയണ കുട്ട്യോൾക്ക് വേണ്ടിയാ" എന്ന് ദൃശ്യേച്ചി തൊണ്ട കീറി പറഞ്ഞപ്പോ ട്രെയിനിന്റെ ശബ്ദം നിലച്ചു,ട്രെയിൻ തിരിച്ച് പെട്ടിയിലിട്ട്
ഞാൻ സീറ്റിൽ പോയിരുന്നു.തലേ ദിവസം പനി പിടിച്ചു ലീവെടുത്തതിനാൽ ഇങ്ങനെയൊരു കളിപ്പാട്ട ശേഖരണത്തിന്റെ കാര്യം ഞാൻ അറിഞ്ഞില്ലായിരുന്നു, എന്തിരുന്നാലും കളിപ്പാട്ടപെട്ടിക്കുള്ളിൽ വീണ മനസ്സ് ഇപ്പോളൊന്നും തിരിച്ചെത്തില്ലെന്ന അവസ്ഥയിലായിരുന്നു,അതിങ്ങനെ എന്റെ കുട്ടിക്കാലത്ത് അലഞ്ഞു കൊണ്ടിരുന്നു
കഫക്കെട്ട് കൂടി ഹോസ്പിറ്റലിൽ കിടക്കണ
ശ്രീലജയെ കാണാൻ അമ്മയും അച്ഛനും ഞാനും
കൂടി ചെന്നു.
കട്ടിലിൽ കൈയിൽ സൂചിയൊക്കെ കുത്തികേറ്റി കിടക്കുന്ന ശ്രീലജ,തൊട്ടടുത്ത് മേശപ്പുറത്ത് ഓറഞ്ച് കളറുള്ള കിലുക്ക. ശ്രീലജയെ ലവലേശം ശ്രദ്ധിക്കാതെ ഞാൻ അച്ഛന്റെ ഒക്കത്തു നിന്നിറങ്ങി ആ പുതിയ കിലുക്കയെടുത്ത് കിലുക്കി.
മയങ്ങി കിടന്നിരുന്ന ശ്രീലജ ശബ്ദം കേട്ട് കണ്ണു തുറന്നു.വയ്യായ്കയേക്കാൾ ഉപരി, അവളുടെ കിലുക്ക എന്റെ കൈയിലിരിയ്ക്കുന്നതാണ് ഇപ്പോഴത്തെ അവൾടെ ഏറ്റവും വലിയ പ്രശ്നമെന്ന് എനിക്ക് മനസിലായി.
ശാന്തമായ ആശുപത്രി അന്തരീക്ഷം,
കിലുക്ക ഞാൻ കൊണ്ടുപോകുമോ എന്ന സംശയത്തിൽ എന്നെ തുറിച്ചുനോക്കുന്ന ശ്രീലജ,
ഒരു നിമിഷത്തെ നിശ്ശബ്ദത.
"ആ കിലുക്ക എന്റെയാ"
ഞാൻ പ്രതീക്ഷിച്ച പോലെ അവൾടെ ആവതില്ലാത്ത ശരീരത്തിൽ നിന്ന് ഒച്ച പൊന്തി.
അപ്പോഴേക്കും എന്നെ വിട്ടുപോകില്ലെന്നുറപ്പിച്ചു കൊണ്ട് കിലുക്ക എന്നെയും കൊണ്ട് അമ്മയുടെ സാരി തുമ്പിനു പുറകിലേക്ക് മറഞ്ഞു നിന്നു.
വയ്യാണ്ട് കിടക്കണ അനിയത്തി പെണ്ണിനെ ചങ്കുപൊട്ടി കരയിച്ചു കൊണ്ട് എന്റെ മറുപടി വന്നു
'ഈ കിലുക്ക എനിക്ക് വേണം, ഇത് ഞാൻ തരില്ല'
ആശുപത്രിയാകെ ലഹളമയമായി കൊടുക്കെടാ അവൾക്ക് കിലുക്ക , എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്റെ ചന്തിക്കിട്ട് ഒരു പെട പെടച്ചു,അനിയത്തിയേക്കാൾ ഉറക്കെ ചേട്ടൻ കരഞ്ഞു.അവൾക്ക് ഞാൻ വേറെ കിലുക്ക വാങ്ങി കൊടുക്കാം ഇത് നീ കൊണ്ടുപോയ്‌ക്കോ എന്ന് കുഞ്ഞച്ചൻ പറയണ വരെ ഞാനും അവളും കരച്ചിൽ തുടർന്നു.
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ളത് കളിപ്പാട്ടങ്ങൾക്ക് വേണ്ടി തന്നെയാവണം
ചെണ്ട,പീപ്പി,തോക്ക്,കാറ് എല്ലാരും എനിക്ക് വേണ്ടി കുറേ വാശി പിടിച്ചു.
ബോംബെയിൽ നിന്ന് ശ്രീലജയുടെ അമ്മാമന്മാർ വാങ്ങി കൊടുത്തയ്ക്കുന്ന കളിപ്പാട്ടങ്ങൾ,ഞങ്ങളെ സംബന്ധിച്ച് സ്വർണത്തോളം വിലപിടിപ്പുള്ള എന്തോ ആയിരുന്നു.
നാമം ചൊല്ലിയത്തിനു ശേഷമുള്ള അര മണിക്കൂറായിരുന്നു ഞങ്ങളെ സംബന്ധിച്ച് അക്കാലത്തെ ഏറ്റവും സുവർണ നിമിഷങ്ങൾ.
സന്ധ്യക്കുള്ള നാമം ചൊല്ലൽ ഒരു വഴിവാട് പോലെ പൂർത്തിയാക്കി ഞാനും ശ്രീലജയും ചെറിയമ്മയെ നോക്കും.ഞങ്ങളെ പേടിച്ച് അലമാരയിൽ കയറി ഒളിച്ചിരിക്കുന്ന കളിപ്പാട്ടങ്ങളെ ചെറേമ്മ ഞങ്ങടെ മുന്നിൽ നിരത്തി വയ്ക്കും.തലകുത്തി മറയണ പട്ടികുട്ടി,നടക്കണ പാവ,ലൈറ്റ് കത്തി ഒച്ചയുണ്ടാക്കണ തോക്ക്,റിമോട്ട് കാറ് ഇതിങ്ങനെ ഊഴം വച്ച് എന്റെയും ശ്രീലജയുടെയും കൈകളിലെത്തും.
നാട്ടിലെ പൂരങ്ങൾക്ക് കിട്ടണ കളിപ്പാട്ടങ്ങളുമായി
താരതമ്യം ചെയ്യുമ്പോൾ അവ ഞങ്ങൾക്ക് രാജാക്കന്മാരായിരുന്നു.
വിലകൂടിയ കളിപ്പാട്ടങ്ങളോടുള്ള ഞങ്ങടെ ഈ ഭ്രമം അച്ചനേം കുഞ്ഞച്ചനേം കുറച്ചധികം വലച്ചിട്ടുണ്ട്.
പൂരങ്ങളുടെ നാട്ടിൽ ഞാനും എന്റെ അനിയത്തീം
മത്സരിച്ച് കരഞ്ഞു,
സമാധാനിപ്പിക്കാൻ വന്ന മത്തങ്ങ ബലൂണിനെ ഞാൻ ഞെക്കി പൊട്ടിച്ചു.
വലുതാവും തോറും എന്റെ കളിപ്പാട്ടകൂടാരം തോക്കുകളിലേക്ക് മാത്രം ചുരുങ്ങിയിരുന്നു,
സുരേഷ് ഗോപീടെ സിനിമകൾ അതിൽ നല്ല സ്വാധീനം ചെലുത്തി.
എന്റെ കളിത്തോക്കുകൾ വീടിനെ ചുറ്റിപറ്റി നടക്കുന്ന പൂച്ചകളുടെ പേടിസ്വപ്നമായി.
ഏതു നിമിഷവും ഗുണ്ടകൾ വരുമെന്ന് കരുതി കളിതോക്ക് തലയിണയ്ക്കടിയിൽ വച്ച് ഞാൻ സുഖമായുറങ്ങി.
അങ്ങനെ ഒരുകൊല്ലം തൃശ്ശൂർ പൂരം എക്സിബിഷന് അച്ഛനും ഞാനും ശ്രീലജേം ശ്രുതീം കൂടി പോയി.ശ്രുതിക്ക് കളിക്കാനെന്തോ വാങ്ങി,അവർക്ക് രണ്ടു പേർക്കും മാലേം വളേം വാങ്ങി,സുരേഷ് ഗോപി സിനിമേൽ വെടി വെയ്ക്കുന്ന പോലത്തെ തോക്ക് അവിടെ ഇരിക്കുന്ന കണ്ട് എന്റെ കണ്ണു തള്ളി,ഞാൻ അച്ഛനെ നോക്കി
"നീയ് വലുതായി സഞ്ജു,ഈ കൊല്ലം തൊട്ട് തോക്കും കാറുമൊന്നും ഇല്ല,അപ്പുറത്ത് ബുക്സ്റ്റാൾ ഇണ്ട് ഇഷ്ടള്ള ബുക്കെടുത്തോ വാങ്ങി തരാം" പത്താം ക്ലാസിൽ പഠിക്കണ കുട്ടീടെ മുഖത്തു നോക്കി പറയാൻ പറ്റണ ഒരു വാക്ക് വലുതായീത്രെ എന്റെ കണ്ണ് നിറഞ്ഞു.
കളിപ്പാട്ടകൂമ്പാരത്തിൽ ചുറ്റി നടന്ന മനസ്സ് ഒരുവിധത്തിൽ ലാപ്ടോപ്പിനു മുന്നിലെത്തി ഞാൻ വർക്ക് തുടർന്നു.
പിറ്റേന്ന് ഓഫീസിലേക്കിറങ്ങുമ്പോൾ ഞാൻ വലിപ്പ് തുറന്ന് രണ്ട് തോക്കെടുത്ത് ബാഗിലിട്ടു.
കുട്ടിക്കാലത്ത് വാങ്ങി സൂക്ഷിച്ചതല്ല, ഒന്ന് കണ്ടു കൊതിയായിട്ട് കഴിഞ്ഞ തൃശ്ശൂർ പൂരത്തിന് വാങ്ങീത്,ക്യാപ്പിട്ടു പൊട്ടിക്കുന്ന പുതിയ മോഡൽ,മറ്റൊന്ന് പണ്ട് അച്ഛൻ, ഞാൻ വലുതായെന്നു പറഞ്ഞു വാങ്ങി തരാതിരുന്ന മഞ്ഞ മുത്തിട്ട് വെടി വയ്ക്കണ ഞാനൊരുപാട് ആഗ്രഹിച്ചിരുന്ന തോക്ക്, ഞാൻ രണ്ടും ആ കളിപ്പാട്ട പെട്ടിയിലിട്ടു പിള്ളേര് കളിക്കട്ടെ.
