TGF India
Why i want to join tgf? - Nithin Lalachan
Updated: Jun 13, 2020
മലവെള്ളപാച്ചിലിനെ തടഞ്ഞ കൊലുമ്പന്റെ നാട്ടുകാരനാണ് ഞാൻ. അതായത് ഇടുക്കിക്കാരൻ. ഇടുക്കി ജില്ലയുടെ ശാരീരിക പ്രകൃതി അനുസരിച്ച് ധാരാളം കുന്നുകളും മലകളും കടന്ന് വേണം പല സ്ഥലങ്ങളിലും എത്തുവാൻ. ഒരു കേബിൾ ടീവി ഓപ്പറേറ്റർ ആണ് അച്ചൻ കാശ് കൊടുത്ത് വേറെ ജോലിക്കാരെ നിർത്തുവാൻ ഇല്ലാത്തത് കൊണ്ട് നാലാം ക്ലാസ് മുതൽ അപ്പന്റെ കൈപിടിച്ച് കേബിൾ പണിക്കിറങ്ങി.
പഠനവും കൂടെ നടന്നു. നാട്ടിലെ ഏത് വീട്ടിൽ മരണം ഉണ്ടായാലും, അവിടെയെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന അപ്പനെ കണ്ടാണ് വളർന്നത്. മരിച്ച വീട്ടിൽ മാത്രമല്ല. ആളുകൾക്ക് അർഹമായ സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തി കൊടുക്കുന്നതിലും അപേക്ഷകൾ തയ്യാറാക്കി കൊടുക്കുകയും ചെയ്യുന്ന സജീവ കുടുംബശ്രീ പ്രവർത്തകയാണ് അമ്മ. ഈ രണ്ട് വ്യക്തിജീവിതങ്ങളും കണ്ടാണ് ഞാൻ വളർന്നത്. അത് കൊണ്ട് തന്നെ നാട്ടിലെ മേൽ പറഞ്ഞ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഞാനും മുന്നിലുണ്ട്. പഠിക്കാൻ തിരഞ്ഞെടുത്തത് ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്ക് അത്ര സുപരിചിതമല്ലാത്ത മനഃശാസ്ത്രമാണ്. ആളുകളുടെ മാനസികാരോഗ്യം കാക്കാൻ കഴിയുന്നത് ഒരു സമൂഹത്തിന്റെ തന്നെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് വഴി വെക്കുന്നു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. വായനാശീലം കൊണ്ടും ഗവേഷണ താത്പര്യങ്ങൾക്കൊണ്ടും നേടുന്ന അറിവുകൾ നാട്ടിലെ ചായക്കടയിൽ ഇരുന്ന് സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുത്തു തുടങ്ങി ഇപ്പോൾ ഇതാ പല സ്കൂളുകളിലും പള്ളികളിലും ട്രെയിനിങ്ങും സെമിനാറുകളുമായി മുന്നോട്ട് പോകുന്നു. മനഃശാസ്ത്രത്തിൽ തുടർ പഠനം സ്വപ്നം കാണുന്നു. ഒപ്പം നേടുന്ന അറിവ് മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിനും, സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നതിനും ശ്രമിക്കുന്നു. പ്രതികരണശേഷിയും വിമര്‍ശനബുദ്ധിയുമുള്ള ഒരു നല്ല സമൂഹത്തിന്റെ കുറവാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ജനത വളരെ കുറവുള്ള സാഹചര്യത്തിലാണ് കേരളത്തിൽ TGF യുവാക്കളുടെ ഒരു നല്ല മുന്നേറ്റവുമായി വന്നത്. യുവസമൂഹത്തെ ഒരുമിച്ചു നിർത്തുകയും നല്ല പ്രവർത്തനങ്ങളിൽ അവരെ ഉൾകൊള്ളിക്കുകയും ചെയ്യുന്നത് വഴി ഒരു നല്ല തലമുറയെയാണ് നാം സൃഷ്ടിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന യുവാക്കൾ പോലും നാട്ടിലെ ഒരു പ്രശ്നം പരിഹരിക്കാൻ ഇറങ്ങാത്തത് പലപ്പോഴും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും ഏതെങ്കിലും ഒരു മേഖലയിൽ പ്രത്യേക കഴിവ് തെളിയിച്ചിട്ടുള്ളവരാകും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ കഴിവുകൾ മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുവാൻ സാധിച്ചാൽ തന്നെ വലിയൊരു മാറ്റം നമ്മുടെ യുവാക്കൾക്ക് നൽകാൻ സാധിക്കും. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താനും. സമാന ചിന്താഗതിയും കഴിവുമുള്ളവരെയും ഒരുമിച്ചുകൂട്ടിയാൽ പുതു സംരഭങ്ങൾ തുടങ്ങാനും സഹായിക്കും.ആളുകളുടെ കഴിവുകൾ പരസ്പരം പങ്ക് വെക്കുക വഴി നല്ലൊരു തലമുറയെ തന്നെ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും
